മുംബൈ: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. സിംബാബ്‌വെയെ 107 റണ്‍സിനാണ് വിൻഡീസ് കീഴടക്കിയത്.
വിൻഡീസ് ഉയർത്തിയ 255 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.4 ഓവറിൽ 147 റണ്‍സിന് ഓൾഔട്ടായി. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെയ്ക്ക് തുടക്കം മുതൽ കണക്കുകൾ പിഴച്ചു. 2.4 ഓവറിൽ 20 റണ്‍സിന് മൂന്ന് മുൻനിര വിക്കറ്റകളാണ് നഷ്ടമായത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് സിംബാബ്‌വെയെ വരിഞ്ഞുമുറുക്കി.
സിംബാബ്‌വെ നിരയിൽ നാല് പേർ പൂജ്യത്തിന് മടങ്ങിയപ്പോൾ അഞ്ച് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. തദിവാനഷെ മരുമണി-15, ഡിയോണ്‍ മിയേഴ്സ്-28, സിക്കന്ദർ റാസ-27, ടോണി മുൻയോംഗ-14, ബ്രാഡ് ഇവാൻസ്-43 എന്നിവരാണ് രണ്ടക്കം കടന്നത്. ബ്രാഡ് ഇവാൻസ് 21 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും നേടി.
ഗുഡകേഷ് മോട്ടിയുടെയും അകേൽ ഹൊസൈന്‍റെയും തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയെ തകർത്തത്. മോട്ടി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹൊസൈൻ മൂന്ന് വിക്കറ്റും മാത്യു ഫോർഡ് രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റിന് 254 റൺസാണ് അടിച്ചെടുത്തത്. ഷിംറോൺ ഹിറ്റ്മയർ (34 പന്തിൽ 85), റോവ്മാൻ പവൽ (35 പന്തിൽ 59) എന്നിവരുടെ അതിവേഗ അർധ സെഞ്ചുറികളാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ലോകകപ്പിൽ മിന്നും ഫോം തുടരുന്ന ഹിറ്റ്മയർ ഏഴ് വീതം ഫോറും സിക്സും പറത്തിയാണ് 85 റൺസ് നേടിയത്.
19 പന്തിൽ അർധ സെഞ്ചുറി നേടിയ ഹിറ്റ്മയർ വിൻഡീസ് താരത്തിന്റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയും സ്വന്തം പേരിൽ കുറിച്ചു. പവൽ നാല് വീതം ഫോറും സിക്സും നേടിയാണ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
ഇരുവരും മൂന്നാം വിക്കറ്റിൽ 122 റൺസ് അടിച്ചുകൂട്ടി. 13 പന്തിൽ 31 റൺസ് നേടിയ ഷർഫെയ്ൻ റൂതർഫോഡും 10 പന്തിൽ 21 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡും ചേർന്നാണ് വിൻഡീസ് സ്കോർ 250 കടത്തിയത്.
19 സിക്സറുകളാണ് വിൻഡീസ് ബാറ്റർമാർ നേടിയത്. ട്വന്‍റി-20 ലോകകപ്പിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ വലിയ സ്കോറാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത്.
സിംബാബ്വെയ്ക്കായി ബ്ലെസിംഗ് മുസർബാനി, റിച്ചാർഡ് എൻഗറാവ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.